07:12pm 13 September 2026
NEWS
അടിയന്തരാവസ്ഥയും ഇടുക്കി പദ്ധതിയും: പുതുതലമുറ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ
28/02/2026  12:10 PM IST
എൻ.എസ്. അലക്‌സാണ്ടർ
അടിയന്തരാവസ്ഥയും ഇടുക്കി പദ്ധതിയും: പുതുതലമുറ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

ഇടുക്കി ജലവൈദ്യുതി പദ്ധതിയുടെ ഉദ്ഘാടനത്തിന്റെ അൻപതാം വാർഷികം മാധ്യമങ്ങൾ ആഘോഷപൂർവ്വം പ്രസിദ്ധീകരിച്ചു കണ്ടു. ഇവിടെ ഈ പദ്ധതിയെപ്പറ്റി  കഴിഞ്ഞ തലമുറയ്ക്ക് മാത്രം അറിയാവുന്ന ചില വസ്തുതകൾ, ഇപ്പോഴത്തെ തലമുറയുടെയും പുതിയ തലമുറയുടെയും അറിവിലേക്കായി കുറിക്കട്ടെ. 

പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി, കാരണമേതുമാകട്ടെ, അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നില്ലെങ്കിൽ ദശാബ്ദങ്ങൾക്ക് ശേഷവും ഇടുക്കി പദ്ധതി പൂർത്തിയാകില്ലായിരുന്നു എന്ന് ഉറച്ചു വിശ്വസിക്കുന്നവനാണ് ഞാൻ. കാരണം ആ പ്രഖ്യാപനത്തിന് തലേന്ന് വരെ പദ്ധതി പ്രവർത്തനം തുടങ്ങിയ കാലം മുതൽ കേരളത്തിലെ അന്നത്തെ പ്രതിപക്ഷ പാർട്ടികളെല്ലാം ഊഴം വെച്ച് മത്സരിച്ച് അക്കാലത്തെ താരതമ്യേന നിരക്ഷരരായ തൊഴിലാളികളെ കൊണ്ട് ഒരിക്കലും നടക്കില്ലെന്ന് ഉറപ്പുള്ള ആവശ്യങ്ങൾ ഉന്നയിപ്പിച്ചുകൊണ്ട് സമരം ചെയ്യിച്ച് സമരങ്ങളുടെ ഒരു ഘോഷയാത്രയോ വേലിയേറ്റമോ ആഘോഷിക്കുമായിരുന്നു അന്ന്. തെക്കൻ കേരളത്തിൽ ഒരു ജില്ലയിൽ മാത്രം വേരുകളുള്ള ഒരു പാർട്ടി പോലും ഇടുക്കിയിൽ ആരെയോ സംഘടിപ്പിച്ച് യൂണിയൻ ഉണ്ടാക്കി തങ്ങളുടെ മേൽവിലാസം അവിടെയും ഉറപ്പിച്ചു. 

ഈ സമരപ്രതിഭാസങ്ങളെല്ലാം കരാറുകാരെ ഭീഷണിപ്പെടുത്തി തങ്ങളുടെ നിലനിൽപ്പിനു വേണ്ടിയുള്ള നേതാക്കന്മാരുടെ പോരാട്ടങ്ങളുടെ ഫലമാണെന്ന് അന്നത്തെ മുതിർന്നവർ പറയുന്നത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നതും ഓർമ്മയുണ്ട്. ഏതായാലും അടിയന്തരാവസ്ഥയുടെ പ്രഖ്യാപനത്തോടുകൂടി സമരങ്ങളെല്ലാം നിരോധിക്കുകയും മുൻപറഞ്ഞ നേതാക്കന്മാരുടെ ''ശല്യം'' ഇല്ലാതാവുകയും ചെയ്തതോടുകൂടി കാര്യങ്ങളെല്ലാം ഭംഗിയായി മുന്നേറി.   മേൽനോട്ടത്തിനായി ഒരു എൻജിനീയറിങ് ബിരുദധാരിയും, ചെറുപ്പമെങ്കിലും പ്രഗൽഭനായ ഉദ്യോഗസ്ഥൻ എന്ന പേരെടുക്കുകയും ചെയ്ത ഡി. ബാബുപോൾ ഐഎഎസ് നെ ജില്ലാ കളക്ടറായി നിയമിക്കുകയും ചെയ്തു.

 ഇക്കാലത്തെ പോലെയുള്ള സാങ്കേതിക ഉപകരണങ്ങളോ ഗതാഗതസൗകര്യങ്ങളോ വാർത്താവിനിമയ ഉപാധികളെ ഒന്നും ഇല്ലാതിരുന്ന അക്കാലത്ത് നിശ്ചിത സമയപരിധിക്കുള്ളിൽ, അടിയന്തരാവസ്ഥ പിൻവലിക്കുന്നതിന് മുമ്പ് തന്നെ പദ്ധതിയുടെ ഉദ്ഘാടനം നടക്കുകയും ഉൽപാദനം ആരംഭിക്കുകയും ചെയ്തു. ആരംഭത്തിൽ ഞാൻ പറഞ്ഞ കാര്യങ്ങൾ ശരിവെക്കുന്ന വിധത്തിൽ അന്ന് ഇടുക്കി പദ്ധതി പ്രദേശത്ത് വെടിവെപ്പിൽ മൂന്നുപേർ മരിക്കാൻ ഇടയാകാത്തക്ക വിധം നടന്ന ഒരു തീവ്രസമരത്തെപ്പറ്റി ഒരു ദൃക്‌സാക്ഷിയുടെ വിവരണമായി ഈ അടുത്ത ദിവസങ്ങളിൽ വന്ന വാർത്തയും താഴെ ഉദ്ധരിക്കട്ടെ. ഈ വാർത്ത വായിച്ചാൽ മാത്രം അന്ന് അവിടെ നിലനിൽക്കുന്ന ഭീകരാവസ്ഥ മനസ്സിലാകും.

''ശിവൻ മേസ് തിരി  വെടിവയ്പിന്റെ ദൃക്‌സാക്ഷി''

പിഷാരിക്കപ്പറമ്പിൽ ശിവൻ മേസ്തിരി (83) ഓർമയുടെ ചുവരിൽ കരണ്ടികൊണ്ട് തേച്ചുമിനുക്കിയെടുത്ത് ആ കഥ പറഞ്ഞു. 'ഞാനും ഇടുക്കി ഡാമിന്റെ മേസ്തിരിയാണ്' എന്ന് അഭിമാനത്തോടെ പറയാവുന്ന, ജീവിച്ചിരിക്കുന്ന അപൂർവം ചിലരിലൊരാൾ.
ഇുെക്കി പദ്ധതിയിലെ ഡാമിന്റെ കൽപ്പണിക്ക് 1966 ലാണു ശിവൻ മേസ്തിരിയെത്തുന്നത്. ആയിരക്കണക്കിനു പണിക്കാരിൽ മുപ്പതോളം മേസ്തിരിമാരു ണ്ടായിരുന്നു. കുളമാവ് ഡാമിന്റെ കല്ലുകെട്ടായിരുന്നു ആദ്യം. ഡാം പകുതിയായപ്പോൾ യൂണിയനുകൾ പണിമുടക്കി. സമരം കൊടുമ്പിരികൊണ്ടു. പദ്ധതി മുടങ്ങി. കേന്ദ്രമന്ത്രി കെ.എൽ.റാവു ഇടുക്കി ഡാമിന് ഇനി രണ്ടു ഭാവിയേയുള്ളൂ എന്നു പ്രഖ്യാപിച്ച സമയം: ഒന്നുകിൽ പദ്ധതി ഉപേക്ഷിക്കുക, അല്ലെങ്കിൽ നിർമാണം പട്ടാളത്തെ ഏൽപിക്കുക!

സമരം അടിച്ചമർത്താൻ ജിന്ന സാഹിബ് എന്ന പൊലീസുകാരനെത്തി. ജിന്ന പറയുന്നതെന്തോ അതു നടക്കും. തൊഴിലാളികൾ ഭയന്നില്ല. കരാറുകാരനെ ആയിരത്തിലേറെ തൊഴിലാളികൾ തടഞ്ഞുവച്ചു. പൊലീസ് പാഞ്ഞെത്തി. മോചിപ്പിക്കാൻ പൊലീസ്.  വിട്ടുകൊടുക്കാതിരിക്കാൻ തൊഴിലാളികൾ. സംഘർഷം മൂത്തപ്പോൾ ജിന്നയുടെ ഉത്തരവ്. വെടിയുണ്ടകൾ പാഞ്ഞു.
ഭാസ്‌കരൻ, പത്മനാഭൻ എന്നീ തൊഴിലാളികൾ നെഞ്ചിൽ വെടികൊണ്ട് ഡാം സൈറ്റിൽ മരിച്ചുവീണെന്ന് ശിവൻ മേസ്തിരി ഇപ്പോഴും ഓർമിക്കുന്നു. നെഞ്ചിലും കാലിലുമൊക്കെ വേറെ അഞ്ചാറുപേർക്കും വെടിയേറ്റിരുന്നു. അവരെ ആശുപത്രിയിൽ രക്ഷപ്പെടുത്തി. എല്ലാം കണ്ടു തൊഴിലാളികൾക്കൊപ്പം ശിവൻ മേസ്തിരിയുമുണ്ടായിരുന്നു.''

ഞാൻ ഇതൊക്കെ പറയുമ്പോൾ ഇവിടുത്തെ ഇടതുപക്ഷവും ബുദ്ധിജീവികളും ഒക്കെ നെറ്റി ചുളിച്ചേക്കും. പക്ഷേ കേരളത്തിന് അടിയന്തരാവസ്ഥക്കാലം ഗുണകരമായിരുന്നു എന്നും ജനങ്ങൾക്ക് സമാധാന മായിരുന്നെന്നും ഉള്ളതിന്റെ തെളിവാണ് അടിയന്തരാവസ്ഥ പിൻവലിച്ചതിന് ശേഷം നടന്ന തെരഞ്ഞെടുപ്പിൽ അക്കാലത്തെ ഭരണമുന്നണിക്ക് ഉണ്ടായ തിളക്കമാർന്ന വിജയവും തുടർഭരണവും. ആരെയോ എന്തിനെയോ ഭയപ്പെടേണ്ടതുണ്ടെന്ന് ആദ്യമായി സർക്കാർ ഉദ്യോഗസ്ഥന്മാർക്ക് തോന്നലുണ്ടായതുകൊണ്ട് സർക്കാർ ഓഫീസുകളിൽ ഹാജർ നിലയും കൃത്യനിഷ്ഠയും കർത്തവ്യ ബോധവും ഉണ്ടായിരുന്നു.  
കേരളത്തിലുണ്ടായ ഒരു രാജൻ കേസിന്റെ പേരിലാണ് പലരും ആ കാലത്തെ എന്നും ഓർമ്മപ്പെടുത്തുന്നത്. പക്ഷേ അതിനുശേഷം ഇന്നുവരെ കേരളത്തിൽ ഉണ്ടായിട്ടുള്ള അതി ക്രൂരവും നിന്ദ്യവും  പൈശാചികവുമായ നൂറു  കണക്കിന് രാഷ്ട്രീയ കൊലപാതകങ്ങളെപ്പറ്റിയും ആരും ഒന്നും മിണ്ടുന്നില്ല.

തുടക്കത്തിൽ, സാധാരണഗതിയിലാകു മായിരുന്നെങ്കിൽ ഉണ്ടാകുമായിരുന്ന കാലതാമസത്തെപ്പറ്റി ഞാൻ പറയാനിടയായ  സാഹചര്യം വിശദീകരിക്കട്ടെ. ഈ വിഷയത്തിൽ, ജീവിക്കുന്ന അനവധി ഉദാഹരണങ്ങൾ നമ്മുടെ മുമ്പിലുണ്ട്. അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് 2007 ൽ 60 മേഗാവാട്ട് ഉൽപ്പാദനശേഷി പ്രതീക്ഷിച്ച് 2011-ൽ ആ സർക്കാരിന്റെ കാലത്ത് തന്നെ പണിപൂർത്തിയാക്കും എന്ന് കൊട്ടിഘോഷിച്ച് 179 കോടി രൂപ എസ്റ്റിമേറ്റിൽ എല്ലാവിധ പഠനങ്ങളും നടത്തി തുടങ്ങിയതാണ് പള്ളിവാസൽ വിപുലീകരണ പദ്ധതി. പത്തൊമ്പത് വർഷമായിട്ടും ഇതുവരെ ഉദ്ഘാടനം പോലും നടന്നിട്ടില്ല. ഇതുവരെ ഏതാണ്ട് 600 കോടിയിൽ അധികം ചെലവായിട്ടുണ്ടാകാം. ഇനിയെത്ര വേണ്ടിവരും എന്നും അറിഞ്ഞുകൂടാ. ഇതിനിടയിൽ സമീപ പ്രദേശങ്ങളിലെ ഒരു താമസക്കാരനായ നേതാവ് തന്നെ പദ്ധതിയുടെ ചുമതലയുള്ള വൈദ്യുതി വകുപ്പിന്റെ മന്ത്രിയുമായി. ഫലം നിഷ്ഫലം. ഇത്രയും പൊതുജനങ്ങളുടെ  ഖജനാവിൽ നിന്ന് നശിപ്പിച്ചിട്ടും ഇവിടെ ആർക്കും യാതൊരു നടപടിയുമില്ല, പ്രതികരണവുമില്ല. അതുകൊണ്ടുതന്നെ യാതൊരു പ്രശ്‌നങ്ങളും ഇല്ല. ദൈവത്തിന്റെ നാട് എന്ന പേരിന് സർവതായോഗ്യത. ഇപ്പോഴത്തെ സാഹചര്യത്തിൽ പണിപൂർത്തിയാകുകയോ ഉൽപാദനം ആരംഭിക്കുകയോ ചെയ്തില്ലെങ്കിലും ഈ പദ്ധതിയുടെ ഉദ്ഘാടനം നടക്കുന്നതിനും ഇടുക്കിയുടെ വികസനത്തിലെ ഒരു നാഴികക്കല്ലായി പ്രഖ്യാപിക്കുകയും ചെയ്യാൻ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ അതിശയോക്തിയില്ല.

കേരളത്തിൽ കെ.എസ്.ഇ.ബി നടപ്പിലാക്കിയതും പണി തുടങ്ങിയിട്ടും പൂർത്തിയാക്കാത്തതുമായ ഏതെങ്കിലും പദ്ധതി തുടങ്ങുമ്പോഴുള്ള നിശ്ചിത എസ്റ്റിമേറ്റ് തുകയ്ക്ക് നിശ്ചിത സമയപരിധിക്കുള്ളിൽ പൂർത്തിയായതായി ഏതെങ്കിലും സംഭവം ഉണ്ടെങ്കിൽ ബോർഡ് ആ വിവരം വെളിപ്പെടുത്തിയാൽ ഉപകാരമായിരിക്കും. ഇപ്പോഴത്തെ സാഹചര്യത്തിൽ പണിപൂർത്തിയാകുകയോ ഉൽപ്പാദനം ആരംഭിക്കുകയോ ചെയ്തില്ലെങ്കിലും ഈ പദ്ധതിയും ഉദ്ഘാടനം നടന്നതിനും ഇടുക്കിയുടെ വികസനത്തിലെ ഒരു നാഴികക്കല്ലായി പ്രഖ്യാപിക്കുകയും ചെയ്യാൻ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ അതിശയോക്തിയില്ല. മേൽ സൂചിപ്പിച്ച  സ്ഥിതിയിൽ ആയിരുന്നെങ്കിൽ പള്ളിവാസലിനേക്കാൾ എത്രയോ ബ്രഹ്മാണ്ഡമായ ഇടുക്കി പദ്ധതിക്കുവേണ്ടി ചുരുങ്ങിയത് 75 വർഷക്കാലാവധിയും എത്രയോ പതിന്മടങ്ങ് ചെലവും ആവശ്യമായി വരുമായിരുന്നു.

വാൽക്കഷണം 

 ഇപ്പോൾ എല്ലാദിവസവും രാത്രി 10 മണിക്ക് ശേഷം ദൃശ്യമാധ്യമങ്ങളിൽ അതാത് ദിവസം നടക്കുന്ന  ഭീകരവും മൃഗീയവുമായ കുറ്റകൃത്യങ്ങളെ പറ്റിയുള്ള വാർത്തകളും വിവരങ്ങളും കാണുകയും കേൾക്കുകയും ചെയ്യുന്നവരിൽ മനസ്സാക്ഷിയുള്ള ആർക്കും പിന്നീട് സമാധാനമായി ഉറങ്ങാനും സാധ്യമല്ല. 
ഇതിനും പുറമെയാണ് ആശുപത്രികളിലെ ചികിത്സാ പിഴവുമൂലവും സമയത്ത് കൃത്യമായ ചികിത്സ ലഭിക്കാത്തതുകൊണ്ടുള്ള അപകടങ്ങളും മരണങ്ങളും. കൂടാതെ റോഡുകളുടെ ശോചനീയാവസ്ഥ മൂലം ഉണ്ടാകുന്ന വാഹനാപകടങ്ങളും തുടർന്നുള്ള ദയനീയമായ  ദുർവിധികളും. എന്നിരുന്നാലും മേൽപ്പറഞ്ഞ എല്ലാ രംഗങ്ങളിലും നമ്മൾ ലോകനിലവാരത്തിൽ ആണെന്നും അതിൽ തന്നെ ഏറ്റവും നല്ല നിലയിൽ ആണെന്നും വിശ്വസിക്കണം. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img